നിങ്ങൾക്ക് പേടിയാകുന്നുണ്ടോ ഈ നാട്ടിൽ ജീവിക്കാൻ?എനിക്ക്തോന്നുന്നു നാട് എന്ന വാക്കിനെക്കാൾ ഇവിടെ അനുയോജ്യം സമൂഹം എന്ന വാക്കിനാണ്.അതെ സമൂഹം ,ഞാനും നിങ്ങളും ജീവിക്കുന്ന ഈ സമൂഹം .ചാനലുകാരും ,പത്ര മാധ്യമങ്ങളും ഏറ്റെടുത്ത നമ്മുടെ സമൂഹം,രാഷ്ട്രീയവും ജാതിമതങ്ങളും ,ഗുണ്ടകളും പങ്കിട്ടെടുത്ത നമ്മുടെ സ്വന്തം സമൂഹം.സ്വന്തമായി ഒന്നും പറയാനിലെങ്കിലും മറ്റുള്ളവർ പറയുന്നതിലെ കുറ്റം കണ്ടു പിടിക്കാൻ മിടുക്കുള്ളവരുടെ സമൂഹം,പരസ്പരം ചെളി വാരി എറിയാൻ മത്സരിക്കുന്നവരുടെ സമൂഹം,ഭാരതത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള എന്ന് സ്വയം അഭിമാനിക്കുന്ന സമൂഹം,നമ്മുടെ സ്വന്തം കേരള സമൂഹം.
ഒന്ന് ചിന്തിച്ചു നോക്ക് നമ്മുടെ ബോധമണ്ഡലം എന്ത് പറയുന്നു എന്ന്.എന്നും സ്വന്തം കാര്യം അന്വേഷിക്കാത്തവൻ പോലും മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ നേരം കണ്ടെത്തുന്നു.അവൻ അല്ലെങ്കിൽ അവൾ എന്ത് ചെയ്യുന്നു എന്ന് സ്വന്തം സമയം കളഞ്ഞു വരെ ചിലർ കണ്ടെത്തുന്നു.പറഞ്ഞിട്ട് കാര്യമില്ല,അത് നമ്മുടെ രക്തത്തിൽ അലിഞ്ഞതാണ് ഞാനും നിങ്ങളും അത് ചെയ്തിട്ടുണ്ട് സ്വന്തം കാര്യം വരുമ്പോൾ മാത്രമേ നമ്മൾ ഇതിനെ കുറിച്ച് ഓർക്കു,വേദനിക്കു.ഒരു ആണും പെണ്ണും ഒരുമിച്ചു പോയാൽ അത് കണ്ടുപിടിക്കാൻ ഇവിടുത്തെ സദാചാര പോലീസിന് ഒരുപാട് സമയം വേണ്ട.പിന്നെ വന്യമായ ഭാവനയുടെ അതിർവരമ്പുകൾ പോലും മറികടന്നു നമ്മൾ ചിന്തിക്കുന്നു .പിന്നെ ആ ആണും പെണ്ണും ആരെന്നു തീരുമാനിക്കുന്നത് ഇവിടുത്തെ മാദ്ധ്യമ സിംഹങ്ങൾ ആണ്.കൊണ്ട് പിടിച്ച ചർച്ചകൾ വാഗ്വാദങ്ങൾ ,പുറമേ ഇതെല്ലം കാണാൻ ടിവിയുടെ മുന്നിൽ ചടഞ്ഞു കൂടുന്ന നമ്മളും.ചിലപ്പോൾ ആ ആണും പെണ്ണും അച്ഛനോ മകളോ ആയിരിക്കാം ,സഹോദരനോ സഹോദരിയോ ആയിരിക്കാം ,അല്ലെങ്കിൽ അവർ ഭാര്യഭർത്താകന്മാർ ആയിരിക്കാം .പക്ഷെ സദാചാര തിമിരം ബാധിച്ച നമ്മുടെ കണ്ണുകൾക്ക് അവർ വെറും ആണും പെണ്ണും മാത്രമാണ്,രണ്ടു ലൈംഗിക ഉപകരണങ്ങൾ.
ഒരു നല്ല സമൂഹത്തിലാണോ നമ്മൾ ജീവിക്കുന്നത് ?അല്ല തീർച്ചയായും അല്ല .വ്യക്തി ജീവിതവും ,പൊതു ജീവിതവും വേർ തിരിച്ചു കാണാൻ നമുക്ക് കഴിയില്ല.ആ വ്യക്തി ഒരു മന്ത്രി ആണെങ്കിലോ പിന്നെ പറയേണ്ട ,നമ്മുടെ പത്രങ്ങളും ചാനലുകാരും അത് ശരിക്കും ആഘോഷിക്കും .ഇപ്പോൾ ആഘോഷിക്കുന്നുണ്ട് അങ്ങനെ ഒരെണ്ണം .അതിനെ പറ്റി ഒന്നും പറയുന്നില്ല.എനിക്ക് ഇതാണ് ചോദിയ്ക്കാൻ ഉള്ളത് ,ഇവിടെ വ്യക്തി ജീവിതത്തിനു ഒരു വിലയുമില്ലെ?എല്ലാം പബ്ലിക് ആകണം എന്ന നിർബന്ധം ഇവിടെ ആർക്കാണ് ഉള്ളത്.രഹസ്യങ്ങളും സ്വകാര്യതകളും ഇവിടെ ഒരു അവകാശമല്ലേ ?
അല്ലെങ്കിലും ഇവിടെ ഉള്ളവർ പണ്ട് തൊട്ടേ എല്ലാം ഒളിച്ചു ചെയ്യാൻ മിടുക്കരാണ്.സിഡി ഇട്ട് ഷക്കീല പടങ്ങൾ കാണുന്നവർ അതിനെ റിലീസ് ചെയ്യുന്നതിനെ എതിർത്ത് പുറമേ സംസാരിക്കുന്നു ,മദ്യം കുടിക്കുന്നതിൽ അഭിമാനിക്കുന്നവർ പബ്ലിക് ആയി മദ്യപാനത്തെ എതിർക്കുന്നു.എന്തെങ്കിലും ചെയ്തിട്ട് മറ്റുള്ളവരെ കുറ്റം പറയുന്നു.അത് കൊണ്ട് തന്നെയാണ് എന്തെങ്കിലും കണ്ടു പിടിക്കാനുള്ള ത്വരയും കൂടുന്നത്.സാംസ്കാരികപരമായി ഒരുപാട് അധപതിച്ചു കേരളം എന്ന് പറയാൻ ഞാൻ ആവശ്യമില്ല.പത്രം എടുത്താൽ ഓ ഇന്ന് പീഡന വാർത്ത ഒന്നും കണ്ടില്ലെല്ലോ എന്ന് എന്ന് രഹസ്യമായി നെടുവീർപ്പിടുന്നവരാണ് നമ്മൾ.പീഡന സമയത്ത് പെണ്‍കുട്ടി ഇട്ടിരുന്ന അടിവസ്ത്രത്തിൻ വിലയെ പറ്റി ചാനലുകളിൽ തർക്കിക്കുന്നവരാണ് നമ്മൾ. വിദ്യാഭ്യാസത്തിൻ കൂടുതൽ ആയിരിക്കും ചിലപ്പോൾ കാരണം.ഒരു മരണം പോലും ഫേസ്ബുക്കിൽ ലൈക് ചെയ്യുന്നവരാണ് നമ്മൾ .ഒരേ സമയം കപട സദാചാരത്തെ നമ്മൾ തള്ളുകയും ഉൾക്കൊളുള്ളുകയും ചെയ്യുന്നു.ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കെ നമ്മൾ ഇതിനു ഇരകൾ ആകുന്നുണ്ട് ,എന്നാൽ ആ ഇരകൾ തന്നെ പിന്നീട് വേട്ടക്കാർ ആകുന്നു എന്നതാണ് വിരോധാഭാസം.
ഞാൻ ഇവിടെ എഴുതിയത് കൊണ്ട് കേരള സമൂഹം മാറും എന്ന് ഞാൻ കരുതുന്നില്ല.ഒരു കാലത്തും മാറാനും പോകുന്നില്ല.ചെറുതായിട്ട് എങ്കിലും മനസ്സിനെ വിഷമിപ്പിച്ച ഒരു സംഭവം ഇന്നുണ്ടായി.എന്താണെന്ന് ചോദിക്കണ്ട തികച്ചും പേർസണൽ ആണ് ,ഞാൻ പറയില്ല .ജീവിതത്തിൽ അതിനെ പറ്റി വലിയ ചർച്ചകൾ ഒന്നും എനിക്ക് ഉണ്ടാകില്ല .പക്ഷെ ചെറുതായിട്ട് എങ്കിലും എന്നെ വിഷമിപ്പിച്ച ആ സംഭവത്തിൻ മൂല കാരണം നമ്മുടെ കപട സദാചാരം തന്നെയാണ്.മറ്റുള്ളുവർ എന്ത് ചിന്തിക്കും എന്ന വിചാരം ,നമ്മൾ അതുമായി എളുപ്പം പൊരുത്തപ്പെട്ടു പോയി.പക്ഷെ ഒന്നുണ്ട്,കഴിവതും മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കാതിരിക്കാൻ നമ്മൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു,അതിനെ പബ്ലിക് ആക്കാതിരിക്കാന്നും.ഈ കപട സമൂഹത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു ,നന്ദി നമസ്ക്കാരം
NB :ആണിനും പെണ്ണിനും ഒന്നിച്ചു പുറത്തിറങ്ങാൻ വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധം എന്ന നിയമം എന്നാണാവോ വരാൻ പോകുന്നത്
No comments:
Post a Comment