Friday, March 8, 2013

ചില വനിതാ ദിന ചിന്തകള്‍

വീണ്ടുമൊരു മാര്‍ച്ച്‌ 8,ലോകം വനിതാ ദിനമായി ആചരിക്കുന്നു.ശരിക്കും പറഞ്ഞാല്‍ സ്ത്രീയായി ജനിച്ചതില്‍ ഓരോ വനിതയും  അഭിമാനം കൊള്ളേണ്ട  ദിവസം.വനിതകള്‍ക്ക് ആദരവും ,ബഹുമാനവും നല്‍കി സാമൂഹിക ,ശാസ്ത്രീയ ,രാഷ്ട്രീയ ,കലാരംഗങ്ങളില്‍ അവര്‍ക്കുണ്ടായിട്ടുള്ള നേട്ടങ്ങള്‍ ആഘോഷിക്കേണ്ട ദിവസം .1909 അമേരിക്കയില്‍ ആണ് ഇങ്ങനെ ഒരു ദിവസം ആഘോഷിക്കാന്‍ തുടങ്ങിയത്.എന്നാല്‍ അന്താരാഷ്ട്രപരമായി ആഘോഷിക്കാന്‍ 1977 വരെ കാത്തിരിക്കേണ്ടി വന്നു .എന്നാല്‍ ഈ ദിവസം ആഘോഷിക്കുന്നത് കൊണ്ട് എന്തെങ്കിലും നേട്ടം അവര്‍ക്ക് ഉണ്ടായിട്ടുണ്ടോ?സംശയമാണ്?ഇന്നെത്തെ സ്ത്രീകള്‍ അതില്‍ അഭിമാനിക്കുന്നുണ്ടോ ?എന്തായാലും ഇന്ത്യയില്‍ അതിനുള്ള എന്തെങ്കിലും ഉണ്ടെന്നു ആത്മാഭിമാനമുള്ള ഒരു സ്ത്രീയും സമ്മതിക്കുമെന്നു തോന്നുന്നില്ല .

സ്ത്രീ സമത്വം കൊണ്ട് ആദ്യം എന്താ അര്‍ത്ഥമാക്കുന്നത് ?എല്ലാ രംഗങ്ങളിലും പുരുഷന്മാരോട് തുല്യത പാലിക്കുക എന്നതാണോ?എനിക്ക് തോന്നുന്നത് ഇക്കാര്യത്തില്‍ ആദ്യം മാറേണ്ടത് നമ്മുടെ ചിന്താരീതി തന്നെയാണ് .ഒന്ന് ആലോചിച്ചു നോക്കു എന്ത് മനോഹരമാണ് നമ്മുടെ അര്‍ദ്ധനാരീശ്വര സങ്കല്പം .സ്ത്രീയും പുരുഷനും രണ്ടല്ല ഒന്നാണ് എന്ന് വിശദീകരിക്കുന്ന ഇതിലും നല്ല മാതൃക വേറെയുണ്ടോ ?എന്നിട്ടും ഭാരതത്തിലെ സ്ത്രീകള്‍ ഇന്നും സ്ത്രീ സമത്വത്തിനു വേണ്ടി പോരാടേണ്ടി വരുന്നു എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ നമുക്ക് ഊഹിക്കാമല്ലോ.സ്വല്‍പ്പം വിഷമത്തോടെ തന്നെ നമുക്ക് പറയേണ്ടി വരും പുരുഷവര്‍ഗ്ഗത്തിന്‍റെ അടിച്ചമര്‍ത്തല്‍ അനുഭവിക്കേണ്ടി വരുന്ന സ്ത്രീ സമൂഹം ഇന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനാങ്ങളിലും ഉണ്ട് .

വേദകാല ചിന്തകളില്‍ അധിഷ്ടിതമാണ് ഇന്നെത്തെ ഈ അവസ്ഥയ്ക്ക് കാരണം എന്ന് എനിക്ക് തോന്നുന്നു.അന്നു എഴുതി വച്ചത് സ്ത്രീ പുരുഷന് കീഴില്‍ എന്ന് തന്നെയാണ് .കാലമെത്ര കഴിഞ്ഞിട്ടും ആ ഒരു ചിന്താഗതിയില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല .വെറും ഒരു ലൈംഗീക ഉപകരണം മാത്രമായി സ്ത്രീയെ കാണുന്നവര്‍ കൂടുതല്‍ ഉള്ള ഒരു സമൂഹമാണ് നമ്മുടേത്‌ .ചിലത് കാണുമ്പോള്‍ രതിക്ക് വേണ്ടി മാത്രം ഉണ്ടായവള്‍ എന്ന വിശ്വാസം ഊട്ടി ഉറപ്പിക്കപെടുന്നു .ഇന്ന് പത്രം എടുത്തു നോക്കിയാല്‍ മുന്‍ പേജില്‍ ഒരു ബലാല്‍സംഗം ഉറപ്പാണ്‌ .ബലാല്‍സംഗം ചെയ്യുന്നത് വളരെ നല്ല കാര്യമാണ് എന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നത് സ്വാഭാവികം മാത്രമാണ്.തൊഴില്‍ സ്ഥലങ്ങളില്‍ ,വിദ്യാലയങ്ങളില്‍ .എവിടെ വച്ചും അവള്‍ ആക്രമിക്കപെടുന്നു .അതിനു 3 വയസാണോ 70 വയസാണോ എന്നൊന്നും ഇല്ല.ഇന്നത്തെ പത്രം കണ്ടില്ലേ 3 വയസുള്ള കുട്ടിയെ ബലാല്‍സംഗം ചെയ്ത വാര്‍ത്ത.... ഗര്‍ഭപാത്രത്തില്‍ പോലും ഒരു പെണ്ണ് സുരക്ഷിതയല്ല .

*ഇന്ത്യയില്‍ ഓരോ 3 മിനിട്ടിലും ഒരു സ്ത്രീ ആക്രമിക്കപെടുന്നു 
*ഓരോ  29 മിനിട്ടിലും ഒരു ബലാല്‍സംഗം 
*ഓരോ 25 മിനിട്ടിലും ഒരു മാനഭംഗം 
*ഓരോ  40 മിനിട്ടിലും ഒരു തട്ടിക്കൊണ്ടു പോകല്‍ 
* ഓരോ 77 മിനിട്ടിലും ഒരു സ്ത്രീധന പീഡന മരണം 
* ഓരോ 9 മിനിട്ടിലും ഒരു ഭര്‍തൃ പീഡനം 
(കടപ്പാട്:മാതൃഭൂമി )
ഇതില്‍ കൂടുതല്‍ എന്തെങ്കിലും എഴുതണം എന്ന് എനിക്ക് തോന്നുന്നില്ല .കണക്കുകള്‍ കള്ളം പറയിലെല്ലോ ...ഇതിലും നന്നായി ഈ വിഷയത്തെ  കുറിച്ചു എഴുതാന്‍  കഴിവുള്ളവര്‍ ഇവിടെ ഒരുപാടുണ്ട് .അവര്‍ എഴുതട്ടെ ...അവളുടെ അവകാശങ്ങളും അവള്‍ക്ക് കിട്ടേണ്ട ആദരവും ലഭിക്കട്ടെ .മാറ്റത്തിന്‍റെതാകട്ടെ ഈ വനിതാ ദിനം 

(കേരളത്തില്‍ പെണ്ണുങ്ങളുടെ കൂടെ യാത്ര ചെയ്യാന്‍ പേടിയാണെന്നും ,അവരെ ഒന്ന് നോക്കിയാല്‍ പീഡനമാകുമെന്നും കെ .സുധാകരന്‍ :നമ്മള്‍ അല്ലെ സര്‍ ഇങ്ങനെയൊക്കെ ആക്കിതീര്‍ത്തത്‌ )



No comments: