നിൻ ശ്വാസത്തിൽ ആടിയുലയുന്ന
ഒരു പുൽക്കൊടിയാകണം എനിക്ക്
നിൻ രോമാരാജികളെ തഴുകുന്ന
ഒരു ചെറു തെന്നലാകണം എനിക്ക്
നിൻ ശരീരത്തിൽ ഒട്ടി നിൽക്കുന്ന
വിയർപ്പ് തുള്ളിയാകണം എനിക്ക്
ഓരോ നെടുവീർപ്പിലും ഉയർന്നു
താഴുന്ന നിൻ മാറിൽചൂട് പറ്റി
മയങ്ങുന്ന ഒരു കൊച്ചു കുഞ്ഞാകണം എനിക്ക്
നിൻ സ്വപ്നങ്ങളിൽ വിരുന്ന് വന്നു
നീയാകും പൂവിനെ സ്നേഹത്തോടെ നുകരുന്ന
ഒരു ചിത്രശലഭമാകണം എനിക്ക്
നിൻ വാക്കുകളുടെ മാന്ത്രികതയിൽ വിരിയുന്ന
ഒരു ചെറു കവിതയാകണം എനിക്ക്
പുലരികളിൽ നീ ഉണരുമ്പോൾ
നിനക്ക് കുളിരേകുന്ന ഒരു ചെറു
മഞ്ഞു തുള്ളിയാകണം എനിക്ക്
കുളിച്ചു നീ വരുമ്പോൾ തലമുടിത്തുമ്പിൽ
ഇറ്റ് വീഴുന്ന ജലകണമാകണം എനിക്ക്
നെറ്റിയിൽ നീ തൊടുന്ന സിന്ദൂരത്തിൻ
ചുവപ്പ് നിറമാകണം എനിക്ക്
നിൻ കണ്ണിൽ നിന്നും വീഴുന്ന
ഒരു ചെറുനീർകണമാകണം എനിക്ക്
ഇനിയും ഏറെ മോഹമുണ്ട് വാക്കുകളാൽ
പറയാൻ വയ്യാതെ എനിക്ക് നിന്നോട്
പക്ഷെ ഒരു കാര്യം മാത്രം ഉറപ്പോടെ
സംശയമില്ലാതെ ഞാൻ ഒന്ന് പറഞ്ഞോട്ടെ
ഈ ജന്മത്തിലും വരും ജന്മങ്ങളിലും
നിന്നുടെ നിന്നുടെ മാത്രമാകണം എനിക്ക്.
No comments:
Post a Comment